പ്രിയങ്ക വീണ്ടും ജലത്തിലൂടെ.... സീതാലക്ഷ്മിയായി....

പ്രിയങ്ക വീണ്ടും ജലത്തിലൂടെ.... സീതാലക്ഷ്മിയായി....

Wednesday January 20, 2016,

2 min Read

പ്രിയങ്കാനായര്‍ എന്ന പേരുകേള്‍ക്കുമ്പോള്‍ ആദ്യം മനസിലേക്ക് ഓടിയെത്തുന്നത്, വിലാപങ്ങള്‍ക്കപ്പുറത്ത് വിസ്മങ്ങള്‍ തീര്‍ത്ത മുഖവും, ഇവിടം സ്വര്‍ഗമാണ് എന്ന ചിത്രത്തിലെ ബെറ്റി വര്‍ഗീസിനെയുമൊക്കെയല്ലേ...ചെയ്ത ചിത്രങ്ങളിലെല്ലാം ശക്തമായ കഥാപാത്രങ്ങളിലൂടെ തന്റേതായ കയ്യൊപ്പു ചാര്‍ത്തിയ പ്രിയങ്കാ നായര്‍ മറ്റൊരു ശക്തമായ കഥാപാത്രത്തിലൂടെ വീണ്ടുമെത്തുന്നു. എം. പത്മകുമാറിന്റെ ജലം എന്ന ചിത്രത്തിലെ സീതാലക്ഷിയായാണ് പ്രിയങ്ക ഇനി നമുക്ക് മുന്നിലെത്തുക. റിലീസിനു മുന്നെ വാര്‍ത്തകളില്‍ ഇടം നേടിയ ചിത്രമാണ് ജലം, ചിത്രത്തിന്റെ ബജറ്റിന്റെ പെരുമകൊണ്ടോ, സൂപ്പര്‍ താര പരിവേഷം കൊണ്ടോ അല്ല ജലം വാര്‍ത്തയായത്. മലയാള സിനിമയോട് അധികം ചേര്‍ത്തുവയ്ക്കപ്പെട്ടിട്ടില്ലാത്ത ഒന്നിന്റെ പേരിലാണ് ജലം വാര്‍ത്തയായത്..ഓസ്‌കാര്‍, അതെ ജലത്തിലെ നാലു ഗാനങ്ങള്‍ ഓസ്‌കാര്‍ നോമിനേഷന്‍ നേടി, മധുവാസുദേവിന്റെ വരികള്‍ക്ക് ഔസേപ്പച്ചന്‍ ഒരുക്കിയതാണ് ജലത്തിലെ ഗാനങ്ങള്‍.....

image


ജലം എന്ന പേരുകേള്‍ക്കുമ്പോള്‍ സിനിമ കൈകാര്യം ചെയ്യുന്നത് വല്ല കുടിവെള്ളപ്രശ്‌നവുമാണെന്നു കരുതരുത്. ഏറ്റവും പ്രസക്തമായ സാമൂഹ്യ വിഷയം തന്നെയാണ് ജലം കൈകാര്യം ചെയ്യുന്നത്... അതിനെക്കുറിച്ച് നായിക പ്രിയങ്ക തന്നെ പറയും'' എല്ലാമനുഷ്യന്റെയും സ്വപ്‌നമാണ് രണ്ടുസെന്റു ഭൂമിയും അതില്‍ ഒരു വീടും, സീതാലക്ഷ്മിയുടെയും സ്വപ്‌നം അതാണ്, ഈ സ്വപ്‌നം പ്രാവര്‍ത്തികമാക്കാന്‍ വേണ്ടി പോരാടുന്ന ഒരു സ്ത്രീയും അവളുടെ ജീവിതവുമാണ് ജലം, സീതാലക്ഷ്മിക്ക് അഞ്ചുവയസ് തുടങ്ങുമ്പോള്‍ മുതല്‍ അവള്‍ക്ക് അഞ്ചുവയസുള്ള ഒരു കുട്ടിയുണ്ടാകുന്നതുവരെയുള്ള യാത്രയാണ് ജലമെന്ന സിനിമയെന്നും പറയാം. പ്രതിബന്ധങ്ങള്‍ക്കിടയിലും സീതാലക്ഷ്മി വളര്‍ന്നു വലുതാകുന്നു, ഒരുപാട് പ്രതീക്ഷകളോടെ വിവാഹം കഴിക്കുന്നു, പക്ഷേ ആ പ്രതീക്ഷയും പൂവണിയുന്നില്ല, പിന്നീട് ജീവിതത്തില്‍ ഒറ്റപ്പെട്ടുപോകുന്ന ഒരു സ്ത്രീ, സ്വന്തമായി ഒരു തുണ്ടുഭൂമിപോലും ഇല്ലാതെ അവള്‍ തെരുവിലേക്കിറങ്ങേണ്ടിവരുന്നു, ഇതോടെ അവള്‍ക്ക് അനുഭവിക്കേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ ഇതൊക്കെയാണ് ജലം സിനിമ മുന്നോട്ടുവയ്ക്കുന്നത്. 

image


സ്വന്തമായി ഭുമിയില്ലാത്തവര്‍ക്ക് തിരിച്ചറിയല്‍ രേഖയുണ്ടാക്കില്ല, തിരിച്ചറിയില്‍ രേഖകളില്ലെങ്കില്‍ സര്‍ക്കാരില്‍ നിന്നും ഒരു സാഹായവും ലഭിക്കില്ല, ഇത്തരത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരുപാട് പേര്‍ നമുക്കിടയിലുണ്ട് അവരുടെ കൂടി കഥയാണ് ജലം. മലയാള മനോരമ കോട്ടയം എഡിഷനില്‍ വന്ന ഒരു ചിത്രത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ജലത്തിന്റെ കഥ തയാറാക്കിയിരിക്കുന്നത്, വാര്‍ത്തയില്‍ ഒരു കുടുംബം കിടപ്പാടമില്ലാതെ പാലത്തിനയില്‍ അഭയം തേടുന്നു. സിനിമയില്‍ നായിക ജലത്തില്‍ അഭയം കണ്ടെത്തുന്നു... ഇതാണ് സിനിമയ്ക്ക് ജലം എന്നു പേരിടാനുള്ള കാരണം''.

image


ഒരുസ്ത്രീപക്ഷ സിനിമയാണോ ജലമെന്നു ചോദിച്ചാല്‍ പ്രിയങ്ക പറയും, ഒരു കൂട്ടം ആളുകളുടെ സിനിമയാണ് ജലം, സിനിമ ഒരുപാട് പേര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. സമൂഹത്തെ, നമ്മളെ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന സിനിമ.. നമ്മളോട്, നമ്മുടെ ഭരണാധികാരികളോട് ചോദിക്കേണ്ട ചില ചോദ്യങ്ങള്‍ കൂടിയാണ് സിനിമ. സ്ത്രീപക്ഷ സിനിമയല്ല ജലം, മറിച്ച് സമൂഹത്തിന്റെ പക്ഷത്തുനിന്നും ചിന്തിക്കുന്ന ഒരു സിനിമയാണ്.

image


ചുരുക്കിപ്പറഞ്ഞാല്‍ ജലത്തില്‍ പ്രിയങ്ക കസറിയെന്നു സാരം, അടുത്ത സംസ്ഥാന അവാര്‍ഡാണോ ലക്ഷ്യമെന്നു ചോദിച്ചാല്‍ പ്രിയങ്കയ്ക്ക് അതിനും കൃത്യമായ മറുപടിയുണ്ട്. അവാര്‍ഡുകളും അംഗീകാരങ്ങളും ഒരു പ്രചോദനമാണ്. പക്ഷേ അതിനെക്കാളുപരി ജനങ്ങള്‍ തരുന്ന അംഗീകാരമാണ് വലുത്, അതാണ് ഏറ്റവും വലിയ അവാര്‍ഡ്.

image


ജനുവരി 29ന് ജലം തിയറ്ററുകളിലേക്കെത്തും, പ്രിയങ്ക തിരക്കിലാണ് രണ്ടരവയസുകാരന്‍ മകന്‍ മുകുന്ദിന്റെ കുസൃതികള്‍ , ഒപ്പം തമിഴില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം, മലയാളത്തില്‍ ഒന്നുരണ്ടു ചിത്രങ്ങള്‍ക്കുവേണ്ടിയുള്ള ചര്‍ച്ചകള്‍... പക്ഷേ തിരക്കിനിടയിലും പ്രിയങ്കയെ സന്തോഷിപ്പിക്കുന്ന മറ്റൊരു കാര്യമുണ്ട്. ഇത്തവണത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം തിരുവനന്തപുരത്ത് വച്ച്, പ്രിയങ്കയുടെ സ്വന്തം നാട്ടില്‍ വച്ചാണ് നടക്കുന്നത്. കലോത്സവങ്ങളിലൂടെ സിനിമയിലെത്തിയ പ്രിയങ്കയ്ക്ക് ഇതില്‍ പരം മറ്റെന്തുവേണം സന്തോഷിക്കാന്‍. കലോത്സവങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന വിവാദങ്ങളോട് പ്രതികരിക്കാനൊന്നും പ്രിയങ്കയില്ല പക്ഷേ സൗഹൃദങ്ങള്‍,വിജയങ്ങള്‍, അഗീകാരങ്ങള്‍, അങ്ങനെ നല്ലതുമാത്രം സമ്മാനിച്ച കലോത്സവങ്ങളാണ് ഇന്നലകളിലെ സമ്പാദ്യമെന്നു പ്രിയങ്ക പറയുന്നു

image


പ്രിയങ്കയ്ക്ക് ഒരുപാട് പ്രതീക്ഷകള്‍ ഉള്ള ചിത്രമാണ് ജലം. തമിഴകത്തിന്റെ വെയിലിലൂടെ മലയാളത്തിന്റെ അഭ്രപാളിയിലെത്തി, വിജയങ്ങള്‍ മാത്രം സ്വന്തമാക്കിയ പ്രിയങ്കയുടെ കരിയറിലെ മറ്റൊരു വിസ്മയമായി മാറട്ടെ സീതാലക്ഷ്മി....