സൗജന്യ സിവില്‍ സര്‍വീസ് പരിശീലനവുമായി രാജീവ് ഗാന്ധി സിവില്‍ സര്‍വീസ് അക്കാദമി

സൗജന്യ സിവില്‍ സര്‍വീസ് പരിശീലനവുമായി രാജീവ് ഗാന്ധി സിവില്‍ സര്‍വീസ് അക്കാദമി

Tuesday February 02, 2016,

1 min Read


പഠനത്തില്‍ മികവ് പുലര്‍ത്തുന്ന നിര്‍ധനരായ വിദ്യാര്‍ത്ഥികളുടെ സിവില്‍ സര്‍വ്വീസ് മോഹം സാക്ഷാത്കരിക്കാന്‍ സൗജന്യ സിവില്‍ സര്‍വീസ് പരിശീലനവുമായി രാജീവ് ഗാന്ധി സിവില്‍ സര്‍വ്വീസ് അക്കാദമി. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഇരുപത്തിയഞ്ചാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് രാജീവ് യൂത്ത് ഫൗണ്ടേഷനാണ് തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്പിരിറ്റ് അക്കാദമി ഫോര്‍ സിവില്‍ സര്‍വ്വീസസുമായി ചേര്‍ന്ന് അക്കാദമിക്ക് തുടക്കം കുറിക്കുന്നത്. അക്കാദമിയുടെ ആദ്യ ബാച്ചില്‍ ചേരുന്ന 25 കുട്ടികള്‍ക്കാണ് സൗജന്യ പരിശീലനം നല്‍കുന്നത്.

image


ഈ മാസം ഏഴിന് നടത്തുന്ന അഭിരുചി പരീക്ഷയിലൂടെയാണ് അര്‍ഹരായ വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. മഞ്ചേരി, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് പരീക്ഷ കേന്ദ്രങ്ങള്‍. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്ലാസുകള്‍ ഈമാസം 15ന് ആരംഭിക്കും. തിരുവനന്തപുരം ആയൂര്‍വ്വേദ കോളേജിന് സമീപം ചെട്ടികുളങ്ങരയില്‍ പ്രത്യേകം സജ്ജമാക്കിയിട്ടുള്ള സ്മാര്‍ട്ട് ക്ലാസ് റൂമില്‍ ആദ്യ ബാച്ചിനുള്ള കോച്ചിങ് ആരംഭിക്കും. രാജീവ് ഗാന്ധിയുടെ ഇരുപത്തിയഞ്ചാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തുന്ന സ്‌കോളര്‍ഷിപ്പിലൂടെയാണ് 25 കുട്ടികള്‍ക്ക് സൗജന്യ പരിശീലനം നല്‍കുന്നത്. ഇതിനോടൊപ്പം പരിശീലനത്തിനെത്തുന്ന പരമാവധി കുട്ടികള്‍ക്ക് ഫീസ് ഇളവും നല്‍കും.

'സംസ്ഥാനത്ത് ഇതാദ്യമായിട്ടാണ് ഒരു അക്കാദമി സിവില്‍ സര്‍വ്വീസ് പരിശീലനത്തിന് ഇത്രയധികം കുട്ടികള്‍ക്ക് ഒരു ബാച്ചില്‍ സ്‌കോളര്‍ഷിപ്പ് ലഭ്യമാക്കുന്നത്. ബോംബെ, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നുള്ള പ്രഗത്ഭരാണ് നൂതനമായ പരിശീലന പരിപാടികളോടെയുള്ള ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത്,' രാജീവ് യൂത്ത് ഫൗണ്ടേഷന്‍ പ്രസിഡന്റ് റഷീദ് പറമ്പന്‍ അഭിപ്രായപ്പെട്ടു.

'വിദ്യാഭ്യാസ നിലവാരത്തില്‍ കേരളം ലോകനിലവാരത്തിന് മുകളിലാണെങ്കിലും സിവില്‍ സര്‍വ്വീസ് വിജയത്തില്‍ രാജ്യത്ത് പതിനൊന്നാം സ്ഥാനത്താണ്. ബീഹാര്‍,ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. ഇക്കാര്യത്തില്‍ കേരളത്തെ മുന്‍ നിരയിലേക്ക് ഉയര്‍ത്തുക എന്നതാണ് രാജീവ് യൂത്ത് ഫൗണ്ടേഷന്‍ ലക്ഷ്യമിടുന്നത്,' റഷീദ് പറമ്പന്‍ കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ വിവരങ്ങള്‍ക്ക് Inspiritindia.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

    Share on
    close